nctv news pudukkad

എന്‍സിടിവി ഇംപാക്ട്: ഒടുവില്‍ കോന്തിപുലത്തെ താല്‍ക്കാലിക തടയണ പൊളിച്ചുനീക്കി; പറപ്പൂക്കരയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു

എന്‍സിടിവി ഇംപാക്ട്. കെ.എല്‍.ഡി.സി. കനാലിന് കുറുകെ കോന്തിപുലത്ത് നിര്‍മ്മിച്ച താല്‍ക്കാലിക തടയണ പൊളിച്ചുനീക്കാത്തതു മൂലം പറപ്പൂക്കര പഞ്ചായത്തില്‍ രൂപപ്പെട്ട കനത്ത വെള്ളപ്പൊക്ക ഭീഷണിക്ക് ഒടുവില്‍ പരിഹാരമായി.

തടയണ നീക്കാന്‍ വൈകുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ‘എന്‍.സി.ടി.വി’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്താ ഇടപെടലിന് പിന്നാലെയാണ് ഇപ്പോള്‍ തടയണ പൊളിച്ചുനീക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ താല്‍ക്കാലിക തടയണ നിര്‍മ്മിക്കാറുള്ളത്. കൃഷി കഴിഞ്ഞ് ഏപ്രില്‍ മാസത്തോടെ ഇത് പൊളിച്ചുനീക്കേണ്ടതായിരുന്നു. എന്നാല്‍ ഏപ്രില്‍ കഴിഞ്ഞിട്ടും, സംസ്ഥാനത്ത് കാലവര്‍ഷം കനത്തിട്ടും തടയണ നീക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതോടെ കനാലില്‍ ജലനിരപ്പ് ഉയരുകയും പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 15, 16, 17, 18 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാവുകയും ചെയ്തു. ഇതിനുപുറമേ കനാലില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മറ്റൊരു ചെക്ക് ഡാമിന്റെ ഭാഗത്തും തടസ്സങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഒഴുക്ക് പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലായിരുന്നു.

വിഷയം കനത്ത ജനകീയ പ്രതിഷേധത്തിന് വഴിവെച്ചതോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്തഗം ജോസ് ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് എ. രാജീവ്, പഞ്ചായത്ത് അംഗം ഷാജു കോമ്പാറക്കാരന്‍ എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് സഭയില്‍ ഈ വിഷയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്‍സിടിവി വാര്‍ത്തയും വന്നതിന് പിന്നാലെ അധികൃതര്‍ ഇടപെട്ട തടയണ പൊളിച്ചുനീക്കുന്ന ജോലികള്‍ ആരംഭിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സമയബന്ധിതമായ ഇടപെടലുകളാണ് നാടിന് ആവശ്യമെന്നും ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രനും വ്യക്തമാക്കി.

തടയണ നീക്കം ചെയ്യാന്‍ ആരംഭിച്ചതോടെ ദിവസങ്ങളായി ആശങ്കയിലായിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും മുക്തി നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *