nctv news pudukkad

അവസാന സന്ദേശം മാർച്ച് രണ്ടിന്; വിദേശത്ത് ജോലിക്ക് പോയ 21-കാരനെ കണ്ടെത്താൻ സഹായം തേടി കുടുംബം

തൃശൂർ: മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച് വിദേശത്തേക്ക് പോയ തൃശൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. അളഗപ്പനഗർ പഞ്ചായത്തിലെ വരന്തരപ്പിള്ളി കുന്നത്തുപാടം കാഞ്ഞിരത്തംകുന്നേൽ ജിജോ ജോണിന്റെ മകനായ ജോയൽ ജിജോയെ (21) കുറിച്ചാണ് രണ്ടാഴ്ചയായി യാതൊരു വിവരവുമില്ലാത്തത്. മകനെ കണ്ടെത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു.

പാലക്കാടുള്ള ഏജൻസി വഴി ഡൽഹി ആസ്ഥാനമായുള്ള ‘അക്വാ ഓഷ്യൻ ഷിപ്പ് മാനേജ്‌മെന്റ്’ എന്ന കമ്പനിയിലാണ് ജോയലിന് ജോലി ലഭിച്ചത്. ഈ മാസം 13-ാം തീയതിയാണ് ജോയൽ നാട്ടിൽ നിന്നും യാത്ര തിരിച്ചത്. ഷാർജയിൽ എത്തിയ ശേഷം ‘ബ്ലാക്ക് ലെപ്പാർഡ്’ എന്ന കപ്പലിൽ ട്രെയിനി ഡെക്ക് റേറ്റിംഗ് വോസ്ഡ് ആയി ജോലിയിൽ പ്രവേശിച്ച വിവരം ജോയൽ വീട്ടുകാരെ അറിയിച്ചിരുന്നു.

മാർച്ച് രണ്ടാം തീയതി രാത്രിയാണ് ജോയൽ അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്നും വിളിച്ച് താൻ സുരക്ഷിതനാണെന്നും പേടിക്കേണ്ടതില്ലെന്നും ജോയൽ പറഞ്ഞു. ഇസ്രായേൽ – ഇറാൻ അതിർത്തി പ്രദേശത്തായതിനാൽ റേഞ്ച് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും തനിക്ക് അങ്ങോട്ട് വിളിച്ചാൽ കിട്ടില്ലെന്നും ജോയൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനുശേഷം രണ്ടാഴ്ച പിന്നിട്ടിട്ടും മറ്റു വിവരങ്ങളൊന്നും ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കയിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *